കൊച്ചി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം. കൊച്ചി പനമ്പള്ളി നഗറിലെ ലോഡ്ജിലാണ് സംഭവം. അമല്‍ദേവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ ഇയാള്‍ കലൂരിലാണ് താമസിക്കുന്നത്. യുവാവിനെ സുഹൃത്തായ സ്ഫ്‌നയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവര്‍ തമ്മില്‍ ഒരുമാസമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതില്‍ പ്രകോപിതനായ ഇയാള്‍ യുവതി വഴി ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
ഇവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ടോര്‍ച്ച് വച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. അമല്‍ദേവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത കടവന്ത്ര പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ സഫ്‌നയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

































