തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ശബരിമല സ്വർണക്കൊള്ള കേസിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരായി മൊഴി നൽകിയതോടെ വിവാദം പുതിയ തലത്തിലെത്തി. അതേസമയം, പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യണമെന്നത് ഏറെനാളായി ഇടതുപക്ഷം ആഗ്രഹിക്കുന്ന രാഷ്ട്രീയ ആവശ്യമായിരുന്നു. പ്രത്യക്ഷത്തില്‍ കാര്യമില്ലെന്ന് തോന്നാമെങ്കിലും കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയവരെ ഇതില്‍ വലിച്ചിഴച്ച് ചര്‍ച്ചകളില്‍ പെടുത്താന്‍ ഇടതുപക്ഷം കാട്ടിയ മിടുക്ക് നിയമസഭയില്‍ രാഷ്ട്രീയ കേരളം കണ്ടതാണ്.
ഗൂഢാലോചനയെന്ന് അടൂർ പ്രകാശ്
എസ്ഐടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഹാജരായതെന്നും അത് രഹസ്യമായ നീക്കമല്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.
എന്നാൽ, മൊഴിയെടുപ്പ് നടക്കുന്നതിനിടയിൽ തന്നെ മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ ചോർത്തി നൽകാൻ സർക്കാർ ചില ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എസ്ഐടിയിലുണ്ടായത് എസ്ഐടിതന്നെ പുറത്തുവിട്ടിട്ടുണ്ട്. എസ്ഐടിയിലെ ഉദ്യോഗസ്ഥന്‍മാരെ പുറത്തുവിടാന്‍ ഏല്‍പിച്ചതനുസരിച്ച് അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ആ വാര്‍ത്തകളൊക്കെ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. അത് എസ്ഐടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഉദ്യോഗസ്ഥന്‍മാരെ നിയോഗിച്ചതനുസരിച്ച് അവര്‍ അവരുടെ ദൗത്യം ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.
തൻ്റെ സ്റ്റേറ്റ്മെന്റ് വേണമെന്ന് നേരത്തേ തന്നെ അറിയിച്ചതനുസരിച്ചാണ് ഇന്നലെ സമയം കണ്ടെത്തി എസ്ഐടി മുന്‍പാകെ പോയത്. അവര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. പക്ഷേ അത്തരം കാര്യങ്ങള്‍ അവിടെ രേഖപ്പെടുത്തുന്ന അവസരത്തിലും പുറത്ത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നത് അടൂര്‍ പ്രകാശിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ്. ഇതിന് സത്യാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ആ വാര്‍ത്തകള്‍ കൊടുക്കാന്‍ വേണ്ടി എല്‍ഡിഎഫ് ഗവണ്‍മെന്റ് ചില ഉദ്യോഗസ്ഥന്‍മാരെ അവിടെ നിയോഗിച്ചിട്ടുണ്ട്. പറയേണ്ടി വരുന്ന സാഹചര്യത്തില്‍ അവരുടെ പേരുകള്‍ എടുത്തു പറയും. അത്തരം ആളുകള്‍ ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളും പുറത്തുകൊണ്ടുവരിക എന്നുള്ളതും തങ്ങളുടെ ഉത്തരവാദിത്വമാണ്.
ഓര്‍മ ഇല്ലെന്ന് കടകംപള്ളി
പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പുതിയ ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശദീകരണവുമായി രംഗത്തെത്തി. ഒരു കുട്ടിക്ക് മൊമെൻ്റോ നൽകുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഏഴോ എട്ടോ വർഷം മുൻപ് നടന്ന ഈ സംഭവത്തെക്കുറിച്ച് തനിക്ക് ഇപ്പോൾ ഓർമയില്ലെന്നാണ് കടകംപള്ളിയുടെ വാദം. ആ കുട്ടിയെ കണ്ട് എവിടെവച്ചാണ് മൊമൻ്റോ നല്‍കിയതെന്ന് ചോദിക്കുക. തൻ്റെ ഓര്‍മയില്‍ വരാത്ത ഒരു കാര്യത്തിന് താന്‍ എന്ത് ചെയ്യാനാണെന്നും കടകംപള്ളി ചോദിച്ചു.
രണ്ട് തവണ അല്ല 40 തവണ പോയെങ്കിലും പോയി എന്നു പറയാന്‍ തനിക്ക് മടി ഇല്ല. കാരണം ഈ പറയുന്ന കാര്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ല. താന്‍ ആര്‍ക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായും ണ്ടരു ഇടപാടുമില്ല. അതുകൊണ്ട് അത് പറയാന്‍ മടിക്കേണ്ട കാര്യമില്ല. മന്ത്രിയായിരുന്നു സമയത്ത് മണ്ഡലത്തിന് പുറത്തുള്ളവര്‍ വിളിച്ചിട്ടുണ്ട്, അങ്ങനെ പോയി മൊമൻ്റോ കൊടുത്തിട്ടുമുണ്ട്. മണ്ഡലത്തിനു പുറത്തുള്ള കുട്ടിക്ക് കൊടുക്കരുതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
താന്‍ ഒരിക്കല്‍ മാത്രമേ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുള്ളു എന്നും അത് രഹസ്യമായല്ല ഗണ്‍മാനൊപ്പമാണ് പോയിട്ടുള്ളതെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് പോറ്റിക്കൊപ്പമുള്ള അടുത്ത ചിത്രം പുറത്തു വന്നപ്പോള്‍ ഏഴോ എട്ടോ വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മയില്ല എന്നു പറഞ്ഞാണ് കടകംപള്ളി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശബരിമല സ്വർണക്കൊള്ള കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് ഇരുമുന്നണികളുടെയും നീക്കം. സ്വർണക്കൊള്ള പുറത്തുകൊണ്ടുവന്നത് യുഡിഎഫ് ആണെന്നും അതിനാൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെ ഭയമില്ലെന്നും അടൂർ പ്രകാശ് അവകാശപ്പെടുമ്പോൾ, കോൺഗ്രസ് നേതൃത്വത്തിന് പ്രതികളുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.

































