Home News Breaking News പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ല,അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ല,അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

Advertisement

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് അടൂര്‍ പ്രകാശ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അതേസമയം പോറ്റിയെ പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് സമ്മതിച്ചു. സൗഹൃദത്തിനപ്പുറം മറ്റു ഇടപാടുകളില്ലെന്നും എസ്‌ഐടിയോട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളില്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ വിശദീകരണം തന്നെയാണ് അടൂര്‍ പ്രകാശ് നല്‍കിയിട്ടുള്ളത്. കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് കൃത്യമായ തീയതികള്‍ അടൂര്‍ പ്രകാശിന് പറയാന്‍ സാധിച്ചിട്ടില്ല. ഓര്‍മ്മകള്‍ വെച്ചു പറഞ്ഞ കാലയളവ് എസ്‌ഐടി പരിശോധിച്ചു വരികയാണ്. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

പുറത്തു വന്ന ചിത്രങ്ങളുടെ കാലയളവ് സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്. പോറ്റിയാണ് തന്നെ ശബരിമലയില്‍ വെച്ച് പരിചയപ്പെട്ടത്. ശബരിമലയിലെ അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. വീട്ടില്‍ വെച്ച് പോറ്റിയെ കണ്ടിട്ടുണ്ട്. പിന്നീട് ബംഗളൂരുവിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് പോറ്റിയുടെ സുഹൃത്തായ ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനെ പരിചയപ്പെടുന്നത്. സൗഹൃദം എന്നതിനപ്പുറം ഇവരുമായി മറ്റൊരു ഇടപാടുമില്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പോറ്റി ക്ഷണിച്ചിട്ടാണ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് കണ്‍വീനറുടെ മൊഴിയില്‍ കൂടുതല്‍ പരിശോധന വേണമെന്ന വിലയിരുത്തലിലാണ് എസ്‌ഐടി സംഘം. അടൂര്‍ പ്രകാശിനെ വീണ്ടും എസ്‌ഐടി വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തതായാണ് സൂചന. അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും അന്വേഷണ സംഘം വ്യക്തത തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement