Home News Kerala പാഠ പുസ്തകം, യൂണിഫോം സംസ്ഥാനതല വിതരണോദ്ഘാടനം 13ന്

പാഠ പുസ്തകം, യൂണിഫോം സംസ്ഥാനതല വിതരണോദ്ഘാടനം 13ന്

Advertisement

തിരുവനന്തപുരം: 2026-27 അദ്ധ്യയന വര്‍ഷത്തെ പാഠ പുസ്തകം, യൂണിഫോം എന്നിവയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് വിതരണം ഉദ്ഘാടനം ചെയ്യും.

2026-27 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2025 സെപ്തംബര്‍ തന്നെ ആരംഭിക്കുകയും സ്റ്റോര്‍ പര്‍ച്ചേയ്‌സ് മാനദണ്ഡം അനുസരിച്ച് പാഠപുസ്തക അച്ചടി പേപ്പര്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനായി സ്റ്റേഷണറി വകുപ്പിനെയും പാഠപുസ്തക അച്ചടി കെബിപിഎസിനെയും ചുമതലപ്പെടുത്തുകയും പാഠപുസ്തക അച്ചടിക്കായുള്ള പേപ്പര്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനായി 111 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നതായി മന്ത്രി വ്യക്തമാക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പര്‍, 2 തരം കാര്‍ഡ് എന്നിവ കെബിപിഎസിന് വാങ്ങി നല്‍കുന്നതിനായി ഇ-ടെണ്ടര്‍ ക്ഷണിക്കുകയും പേപ്പര്‍ ആന്റ് ബോര്‍ഡ് ലിമിറ്റിഡില്‍ നിന്നും പേപ്പറും തമിഴ്‌നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്‌സില്‍ നിന്നും കാര്‍ഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92 കോടി രൂപയുടെ പര്‍ച്ചേയ്‌സ് അനുമതി നല്‍കുകയും ചെയ്തിരുന്നു.

2026-27 അധ്യയന വര്‍ഷത്തേയ്ക്കുള്ള ഇന്‍ഡന്റിംഗ് 2025 ഡിസംബര്‍ ആദ്യവാരം തന്നെ പൂര്‍ത്തിയാക്കി ഡിസംബര്‍ അവസാന വാരത്തോടെ കെബിപിഎസിന് അച്ചടി ഉത്തരവ് നല്‍കി. ഒന്നാം വാല്യത്തില്‍ 3.5 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തില്‍ 1.9 കോടി പാഠപുസ്തകങ്ങളും ഇന്‍ഡന്റ് ചെയ്തിട്ടുണ്ട്. 2025-26 അദ്ധ്യയന വര്‍ഷം ഒന്നാം വാല്യത്തില്‍ 3.8 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തില്‍ 2.16 കോടി പാഠപുസ്തകങ്ങളുമാണ് ഇന്‍ഡന്റ് ചെയ്തിരുന്നത്. 2026-27 അദ്ധ്യയന വര്‍ഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

68 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയായതില്‍ 51 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി കെബിപിഎസ് വിവിധ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കെബിപിഎസില്‍ നിലവില്‍ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. 2025-26 അധ്യയന വര്‍ഷം മാര്‍ച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാന്‍ഡ് എലോണ്‍ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും, 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നല്‍കിവരുന്നു.

കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതല്‍ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും 1 മുതല്‍ 8 വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതല്‍ 5 വരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്‍കുന്നുണ്ട്.

പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ബിപിഎല്‍ ആണ്‍കുട്ടികള്‍, എസ്‌സി/എസ്ടി കുട്ടികള്‍, മുഴുവന്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗത്തിന് എസ്എസ്‌കെ യൂണിഫോം തുക നല്‍കുന്നു. 2026-27 അധ്യനവര്‍ഷത്തെ കൈത്തറി യൂണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങള്‍ കൈറ്റ് വെബ്സൈറ്റ് മുഖേന ലഭ്യമായത് പ്രകാരം 8,00,193 കുട്ടികള്‍ക്കാണ് വിതരണം ചെയ്യേണ്ടത്. വിവരം വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here