പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലും സ്ഥാപന ഉടമയുടെ വീട്ടിലും എന്‍ഫോഴ്സ്മെൻ്റ് (ഇഡി) പരിശോധന. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്.
ശബരിമല തന്ത്രി കണ്ഠര് രാജീവർക്ക് ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നേരത്തെ കണ്ടെത്തിയിരുന്നു. ഈ പണത്തിൻ്റെ സ്രോതസ്സിനെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
നേരത്തെ നിക്ഷേപ തട്ടിപ്പ് കേസിൽ കുടുങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ എൻ എം രാജു നേരത്തെ അറസ്റ്റിലായിരുന്നു. രാജുവിൻ്റെ വീട്ടിലും നിലവിൽ പരിശോധന തുടരുന്നുണ്ട്. സ്ഥാപനത്തിനെതിരെ പൊലീസിനും ഇഡിക്കും നേരത്തെ തന്നെ നിരവധി പരാതികൾ ലഭിക്കുകയും അതിന്‍മേൽ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ പരിശോധന തന്ത്രിക്ക് ഈ സ്ഥാപനത്തിലുള്ള നിക്ഷേപം സംബന്ധിച്ചു കൂടിയാണെന്നാണ് ലഭിക്കുന്ന സൂചന.
ഈ നിക്ഷേപവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്തും വലിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. തന്ത്രിക്ക് പണം നഷ്ടമായ ഈ സ്ഥാപനത്തിൽ നിന്ന് ആൻ്റോ ആൻ്റണി എംപി കോടികൾ കൈപ്പറ്റിയെന്ന് സിപിഎം നേതാവ് കെ പി ഉദയഭാനു ആരോപിച്ചിരുന്നു. എസ്ഐടി സമഗ്ര അന്വേഷണം നടത്തണമെന്നും ഉദയഭാനു ആവശ്യപ്പെട്ടിരുന്നു.
ശബരിമല തന്ത്രി രണ്ടരക്കോടി രൂപ തിരുവല്ലയിലെ നെടുംപറമ്പില്‍ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തിയിരുന്നു. ഈ നെടുംപറമ്പില്‍ ഫിനാന്‍സിൽ നിന്ന് ആൻ്റോ ആൻ്റണി രണ്ടരക്കോടി രൂപ എടുത്തതായി നാട്ടില്‍ പൊതുവെ അഭിപ്രായമുണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗവും മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ കെ പി ഉദയഭാനു ആരോപണം ഉന്നയിച്ചത്.
































