തിരുവനന്തപുരം: കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ചെലവിന്റെ പകുതി വിഹിതം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ഇതിനായി 1905 കോടി രൂപ കേരളം നൽകുമെന്നും പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. കേന്ദ്ര ബജറ്റിൽ പദ്ധതിയെ കുറിച്ച് യാതൊരു പരാമർശവും ഇല്ലാതിരുന്ന സ്ഥാനത്താണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മലയോര മേഖലയുടെ പ്രതീക്ഷകളെ ഉണർത്തുന്ന ശബരി റെയിൽ പദ്ധതിക്ക് ഇക്കുറി കേന്ദ്ര സർക്കാർ പണം അനുവദിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതം എന്ന നിലയിൽ ഇത്രയും വലിയ തുക നൽകാൻ അംഗീകരിച്ചത്. കിഫ്‌ബി മുഖേനയാവും പദ്ധതിക്കുള്ള കേരളത്തിന്റെ വിഹിതം കണ്ടെത്തുക.
ഭൂമിയേറ്റടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി സംസ്ഥാനങ്ങളുടെ വികസന സ്വപ്‌നത്തിന്റെ ചിറകരിയുകയാണ് എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. മാത്രമല്ല എരുമേലിയിൽ നിന്നും പുനലൂർ വഴി വിഴിഞ്ഞവുമായി റെയിൽവേ ലൈനിനെ ബന്ധിപ്പിക്കുമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്‌നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1905 കോടി രൂപ കേരളം നൽകും. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി നമ്മുടെ വികസന സ്വപ്‌നങ്ങളുടെ ചിറകരിയുകയാണ്. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടർന്നതിനാലാണ് പകുതി വിഹിതം സർക്കാർ ഏറ്റെടുക്കുന്നത്. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഊർജ്ജമാകുന്ന എല്ലാ പശ്ചാത്തല പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി ഇടപെടുകയാണ് എൽഡിഎഫ് സർക്കാർ. ശബരിപാതയുടെ പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാനായി മന്ത്രിസഭ എടുത്ത തീരുമാനം ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ്.



























