Home News Breaking News ശബരിമല സ്വര്‍ണക്കൊള്ള,സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം,സഭയില്‍

ശബരിമല സ്വര്‍ണക്കൊള്ള,സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം,സഭയില്‍

Advertisement

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു. ഇതിനിടെ സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് എംഎല്‍എ ടി വി ഇബ്രാഹിമും മാത്യുകുഴല്‍നാടനും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാന്‍ ശ്രമിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം വഴി മുട്ടിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് എസ്‌ഐടി അന്വേഷണം പ്രതിസന്ധിയിലായത്. പുറത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷണം നടത്താതെ, ഉള്ള പ്രതികളെക്കൂടി പുറത്തിറങ്ങാന്‍ സഹായിക്കുന്ന തരത്തില്‍, അപകടകരമായ നിലയിലേക്ക് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വായിൽ തോന്നിയത് പറഞ്ഞു എന്നുപറഞ്ഞയാലാണ് പ്രതിപക്ഷ നേതാവ്. കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ സ്ഥിതി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here