ബംഗളുരു.കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയിയുടെ ഡയറിയിൽ നിന്ന് സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചില വിവരങ്ങൾ പോലീസിന് കിട്ടിയതായും വിവരമുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമന് കത്തയച്ചു. പാർലമെൻറിൽ ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
നടന്നത് ആത്മഹത്യ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘവും സ്ഥിരീകരിക്കുന്ന്. എന്തിന് അത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഡയറിയിൽ നിന്ന് പോലീസിന് കിട്ടിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ . തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കമ്പനിയെ ഇനി നയിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും എല്ലാം പോലീസ് കസ്റ്റഡിയിലുള്ള ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നാണ് സൂചന. ആത്മഹത്യ കുറിപ്പിന്റെ സ്വഭാവം വിവരങ്ങൾക്ക് ഉണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. റോയ് എത്ര മണിക്ക് ചേമ്പറിൽ എത്തി എന്നതടക്കം കാര്യങ്ങളിൽ എസ് ഐ ടിക്ക് വ്യക്തത ലഭിക്കേണ്ടതുണ്ട്. സമയക്രമത്തെക്കുറിച്ച് ജീവനക്കാരും എംഡിയും കൊടുത്ത മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ക്രൈം സീൻ റീക്രീയേഷൻ അടക്കമുള്ള ഘട്ടത്തിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും.സംഭവ സമയത്തുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയായി.
ആദായ നികുതി വകുപ്പ് പ്രോട്ടോകോൾ പാലിച്ചില്ല എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. കേന്ദ്ര ധന മന്ത്രി നിർമലാ സീതാരാമന് കത്ത് നൽകി. പാർലമെന്റിലും വിഷയം ചർച്ചയാക്കാനാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ ശ്രമം.
അതേസമയം തിടുക്കപ്പെട്ട് എസ്ഐടി രൂപീകരിച്ചതിൽ കർണാടകയിൽ രാഷ്ട്രീയ വിവാദവും ആയിട്ടുണ്ട്. എന്തോ മറക്കാനായാണ് സർക്കാർ SIT രൂപീകരിച്ചതെന്ന് ആരോപണം ബിജെപി നേതാവ് യെദിയൂരപ്പയാണ് ഉയർത്തിയത്.






























