തിരുവനന്തപുരം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാമ്പത്തിക ഭൂപടത്തിൽ നിന്നും ചെറുകിട വ്യാപാരികൾ പണ്ടേ പുറത്തായെന്ന് കേന്ദ്ര ബഡ്ജറ്റിലൂടെ വീണ്ടും തെളിഞ്ഞൂവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു.
MSMEകൾക്ക് 2000 കോടി രൂപയുടെ പാക്കേജ് നാമമാത്രമാണ്. ചെറുകിട വ്യവസായങ്ങൾക്ക് 10000 കോടിയുടെ സഹായം നൽകിയ നടപടി സ്വാഗതം ചെയ്യുന്നു. എന്നാൽ വൻകിട കുത്തുകൾ ഇതിന്റെ ആനുകൂല്യം പിൻവാലിലൂടെ നേടുവാനുള്ള പഴുതുകൾ അടക്കണം. എന്നാൽ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ചെറുകിട വിപണന കേന്ദ്രങ്ങൾക്ക് യാതൊരു സഹായവും പ്രഖ്യാപിക്കാത്ത അവസ്ഥ തുടർന്നു വരുന്നത് പ്രതിഷേധാഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യാപാരികൾക്ക് വായ്പ അനുവദിക്കുന്നതിന് ലഘൂകരിച്ച നടപടികൾ ഉണ്ടാവേണ്ടതായിരുന്നു. ചെറുകിട – ഇടത്തരം വ്യാപാരികൾക്ക് വായ്പ നൽകുന്നതിന് ദേശസാൽകൃത ബാങ്കുകൾ ഇപ്പോഴും കടുത്ത നിബന്ധനകളാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ അത്തരം നിബന്ധനകൾ വൻകിട കുത്തുകൾക്ക് ബാധകമല്ല. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോൾ സഹായത്തിന് ആരുമില്ലാത്ത അവസ്ഥയാണ് ചെറുകിട വ്യാപാരികൾ നേരിടുന്നത്. ചെറുകിട വ്യാപാര മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിൽ വലിയ വീഴ്ച വരുത്തിയന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി സിംപ്ലിഫിക്കേഷൻ നടപടികൾ ബഡ്ജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിക്കണമായിരുന്നു. ജി.എസ്.ടി കൗൺസിൽ വഴി സിമ്പിളിഫിക്കേഷൻ നടപടി പ്രഖ്യാപിക്കുവാൻ ശ്രമിച്ചാൽ ഗുണം പ്രതീക്ഷിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.





























