തിരുവനന്തപുരം.ശബരിമല സ്വർണ്ണ കൊള്ള കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് ആൻജിയോഗ്രാമിനു വിധേയനാക്കും..
നേരത്തെ ജയിലിൽ വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആൻജിയോഗ്രാമിനു ഡേറ്റ് നൽകിയത്.
ആൻജിയോഗ്രാം ചെയ്യുന്നതിനായി തന്ത്രിയെ ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രാവിലെ ആൻജിയോഗ്രാം ചെയ്തു വൈകിട്ട് വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷമായിരിക്കും തിരികെ പൂജപ്പുര ജയിലിലേക്ക് മാറ്റുക.
മെഡിക്കൽ കോളേജിലെ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തത്.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്ഐടി വിഎസ്എസ് സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഇതിനായി വീണ്ടും പാളികളുടെ സാമ്പിൾ എടുക്കണോ എന്നതിൽ വ്യക്തത വരുത്തണമെന്നും വിഎസ്എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വൈകിയതോടെയാണ് എസ്ഐടി നീക്കം. കേസിൽ അന്വേഷണം തുടങ്ങി 115 ദിവസം പിന്നിട്ടിട്ടും എത്ര സ്വർണം മോഷണം പോയെന്നും തൊണ്ടിമുതൽ എവിടെയെന്നും വ്യക്തമായിട്ടില്ല. ഈ മാസം ഒമ്പതിന് ഹൈക്കോടതിയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ സൂചിപ്പിക്കും. ഇതിനിടെ, ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെയും , കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കുന്നുണ്ട്
































