തിരുവനന്തപുരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിേലേക്ക്. ഇന്ന് മുതൽ അനിശ്ചിതകാല OP ബഹിഷ്കരണം ആരംഭിക്കാനാണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടേഴ്സ് സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം.ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല റിലേ സത്യാഗ്രഹവും നിലവിലുണ്ട്. രാവിലെ മെഡിക്കൽ കോളേജുകളിൽ ധർണ്ണ സംഘടിപ്പിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കും.
ഒപ്പം ബുധനാഴ്ച മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കാനുമാണ് തീരുമാനം.അവശ്യ സേവനങ്ങളായ
കാഷ്വാലിറ്റി, ലേബർ റൂം, ICU, IP ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരപരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗികൾക്ക് ഉണ്ടാകാൻ ഇടയുള്ള ബുദ്ധിമുട്ടുകളിൽ കെജിഎംസിറ്റിഎ ഖേദം പ്രകടിപ്പിച്ചു. സർക്കാർ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മറ്റു എല്ലാ മാർഗ്ഗങ്ങളും അടഞ്ഞതിനാലാണ് സംഘടന ഈ സമരത്തിലേക്ക് കടക്കേണ്ടിവന്നതെന്നാണ് KGMCTA യുടെ വിശദീകരണം.




























