കോഴിക്കോട്. കേന്ദ്രബജറ്റില്‍ കേരളത്തിന് കിട്ടിയത് ആമ മുട്ട എന്ന ട്രോളുകള്‍ പെരുകുമ്പോള്‍ വർഷങ്ങളായി ഒരു സർക്കാർ ഫണ്ടുമില്ലാതെ ആമ സംരക്ഷണം നടത്തുന്ന കൊളാവിപ്പാലത്തെ തീരം പ്രവർത്തകർ കേന്ദ്രപ്രഖ്യാപനത്തിന് പിന്നാലെ തങ്ങൾ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.വർഷാവർഷം നൂറ് കണക്കിന് ആമക്കുഞ്ഞുങ്ങളെയാണ് കടലാഴങ്ങളിലേക്ക് ഇവർ ഒഴുക്കി വിടുന്നത്
കൊളാവിയിലെ തീരസംരക്ഷകർ മുട്ടയിടാനെത്തുന്ന കടലാമകളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു.മൂൻപ് നൂറോളം ആമകൾ വരെ മുട്ടയിടാനെത്താറുണ്ട്.അമ്മയാമ മുട്ടയിട്ടിടത്തേക്ക് മടങ്ങി വരാനുളള ജനിതകമായ ഓർമ്മ കൊണ്ട് കടലാമ നമ്മെ അത്ഭുതപ്പെടുത്തും.മുട്ട വിരിഞ്ഞിറങ്ങിയ തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി അവരെത്തും.കടലാമകൾക്ക് സംരക്ഷണമൊരുക്കാൻ തീരം പ്രവർത്തകർ തയ്യാർ പക്ഷേ സൗകര്യങ്ങൾ പേരിന് പോലുമില്ല
ആമ സംരക്ഷണ കേന്ദ്രം കാണാൻ മിനി ഗോവയെന്നറിയപ്പെടുന്ന പ്രദേശത്തേക്ക് നിരവധിപേർ എത്താറുണ്ട്.പക്ഷേ നല്ലൊരു കെട്ടിടം പോലും കാഴ്ചക്കാർക്കായി ഇവിടെയില്ല
ബജറ്റ് പ്രഖ്യാപനത്തിൽ ആമ സംരക്ഷണം നവമാധ്യമങ്ങളിൽ ട്രോളാണെങ്കിൽ ഇവിടുത്തെ തീരസംരക്ഷകർക്ക് അതൊരു പ്രതീക്ഷയാണ്. മുട്ടയിടാനെത്തുന്ന ആമകളെ കാത്തിരിക്കും പോലെ പുതിയ ബജറ്റിലെ കനിവിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍




























