കൊച്ചി. പാലക്കാട് പല്ലശ്ശനയിൽ ചികിൽസാപ്പിഴവിനെ തുടർന്ന് വലത് കൈ നഷ്ടപ്പെട്ട 9 വയസ്സുകാരിക്ക് കൃത്രിമ കൈ പിടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സാമ്പത്തിക സഹായം നൽകിയത്.
കൃത്രിമ കൈകൾ കൊണ്ടു പൂക്കൾ നൽകി പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് 9 വയസ്സുകാരി വിനോദിനി വീണ് കൈക്ക് പരിക്ക് പറ്റുന്നത്.
ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു കയ്യിൽ പ്ലാസ്റ്റർ ഇട്ടു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ശക്തമായ നീർക്കെട്ട് ഉണ്ടായി. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കയ്യിൽ അണുബാധ ഗുരുതരമായതോടെ വലതു കൈ മുറിച്ചു മാറ്റേണ്ടിവന്നു.
വിനോദിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ പ്രതിപക്ഷ നേതാവാണ് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചിലവും ഏറ്റെടുത്തത്. ഇന്ന് എറണാകുളം കാക്കനാട് വച് വിനോദിനിക്ക് കൃത്രിമ കൈകൾ വച്ചു. തുടർന്ന് കൃത്രിമ കൈകളിൽ പൂക്കളുമായിമായി പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചു.

വിദേശത്തുനിന്നാണ് ലക്ഷങ്ങൾ വിലയുള്ള കൃത്രിമക്കൈ എത്തിച്ചത്. ഇതിനായി കുട്ടിയും രക്ഷിതാക്കളും കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ വളർച്ചക്കനുസരിച്ച് കൈ മാറ്റേണ്ടി വരും. ഇതിനുള്ള സഹായവും നൽകാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി കുട്ടിയുടെ പിതാവ് വിനോദ് പറഞ്ഞു. വിരലുകൾ മടക്കാൻ പറ്റുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാർജ് ചെയ്‌താൽ രണ്ടുമൂന്നു ദിവസം പ്രവർത്തിക്കും. വിരലുകൾ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാൽ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്‌ച കൂടി ആശുപത്രിയിൽ തുടർന്ന ശേഷം ചൊവ്വാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്ന് വിനോദ് പറഞ്ഞു. അടുത്ത ദിവസം മുതൽ സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.
പുതുജീവിതത്തിലേക്ക് തിരിച്ചുവന്നതിൽ കുടുംബത്തിനും ഏറെ സന്തോഷം.വിനോദിനിക്ക് ഇനിയും ഏറെ സ്വപ്നങ്ങൾ ഉണ്ട് . വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കാമെന്ന് വി ഡി സതീശൻ ഉറപ്പു നൽകി

































