കോഴിക്കോട്: കോയമ്പത്തൂർ ഇന്റർസിറ്റിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ട്രെയിനിൽനിന്ന് ചാടിയ മോഷ്ടാവിന് ഒടുക്കം ‘നിരാശ’. പൊലീസ് പിടിയിലായപ്പോഴാണ് തൊണ്ടിമുതൽ മുക്കുപണ്ടമാണെന്ന് വ്യക്തമായത്. കേസിൽ യുപി സ്വദേശി ഷഹജാദ് മുഹമ്മദി(30)നെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോടുമുതൽ യാത്രക്കാരിയെ പിന്തുടർന്ന ഷഹജാദ് പരപ്പനങ്ങാടിയിൽനിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ മാലപൊട്ടിച്ച് ട്രാക്കിലേക്ക് ചാടി. പരിക്കേറ്റ പ്രതി തെങ്ങിൽനിന്ന് വീണ് പരിക്കേറ്റുവെന്ന വ്യാജേന അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. പ്രതിക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ റെയിൽവേ പൊലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽനിന്ന് പ്രതിയെ കൈയോടെ പൊക്കി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണമുതൽ മുക്കുപണ്ടമാണെന്ന് വ്യക്തമായത്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് റെയിൽവേ എസ്ഐ സി പ്രദീപ്കുമാർ, എഎസ്ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, സിപിഒ സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് ജെഎഫ്‌സിഎം (ഒന്ന്) കോടതി റിമാൻഡ് ചെയ്തു.




























