കൊല്ലം.ശബരിമല സ്വർണ കവർച്ച കേസിൽ പ്രതിയായ മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. എസ് ശ്രീകുമാറിൻ്റെ ജാമ്യം ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അറസ്റ്റിലായി 43 ആം ദിനമാണ് ശ്രീകുമാറിന് ജാമ്യം ലഭിക്കുന്നത്. അതെ സമയം കേസിലെ പ്രതിയായ കെ പി ശങ്കർദാസിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു.
ദ്വാരപാലക ശില്പ കേസിലെ ആറാം പ്രതിയായിയാണ് എസ് ശ്രീകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. മുരാരി ബാബു മാറിയതിന് പിന്നാലെ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസറായ ശ്രീകുമാർ ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മേൽ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം താൻ ഒപ്പ് വെച്ചു, സ്വർണ്ണപ്പാളി കടത്തിയതിൽ തനിക്ക് പങ്കില്ല എന്നുമാണ് ശ്രീകുമാർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. ശ്രീകുമാറിന് എതിരെ തെളിവ് കണ്ടെത്താൻ SIT യ്ക്ക് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കൊല്ലം വിജിലൻസ് കോടതി
ജാമ്യം അനുവദിക്കുകയായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി യുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്ന് തെളിയിക്കാനും SIT യ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അതെ സമയം കേസിലെ മറ്റൊരു പ്രതിയായ കെ പി ശങ്കർദാസിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കി. വീണ്ടും 14 ദിവസത്തേയ്ക്ക് കൂടെ ശങ്കർദാസിനെ റിമാൻഡ് ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ് പ്രതിയെ കോടതിക്ക് ഉള്ളിൽ പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സുധീഷ് കുമാറിന്റെ റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതിനാൽ ഉടൻ ജാമ്യഹർജി സമർപ്പിക്കും. SIT ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചേക്കും.

































