കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സിയിലെ വിദ്യാര്‍ത്ഥിനിയായ ആദിത്യ (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെങ്കില്‍ എന്താണ് അതിലേക്ക് നയിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷണത്തില്‍ വരും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കിണര്‍ നിര്‍മാണ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്.




























