കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി വടകര സ്വദേശിനി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.
അതേസമയം, ഷിംജിതയുടെ ആരോപണങ്ങൾ തള്ളുന്നതാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബസിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ആരോപണം ശരിവെക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർക്കും കലക്ടർക്കും മാതാവ് കെ. കന്യക പരാതി നൽകിയിരുന്നു. തുടർന്ന് ദീപക് ജീവനൊടുക്കിയതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു.



























