തിരുവനന്തപുരം. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് തുടക്കം കുറിച്ച് കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തുടങ്ങും.
വൈകിട്ട് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ഭാരവാഹികൾക്കൊപ്പം മുതിർന്ന നേതാക്കളും പങ്കെടുക്കും.
പാർട്ടിയുടെ പോഷക സംഘടനാ നേതാക്കളും യോഗത്തിനുണ്ട്.
സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങളാണ് ചർച്ച എന്ന് നേതാക്കൾ പറയുമ്പോഴും തർക്കങ്ങളില്ലാത്ത സീറ്റുകളിൽ തീരുമാനമായേക്കുമെന്നാണ് വിവരം.
മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷം ഡിസിസി ഭാരവാഹികളുമായി ചർച്ചയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.
മറ്റുള്ള ജില്ലാ കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ച അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും.
കെപിസിസി നൽകുന്ന ലിസ്റ്റ് സ്ക്രീനിങ്ങ് കമ്മിറ്റി പരിശോധിച്ച ശേഷമാകും ഹൈക്കമാൻഡിന് കൈമാറുക. സംവരണ സീറ്റുകളും, MLA മാർ തുടരുന്ന മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ആയിരിക്കും ആദ്യം തീരുമാനിക്കുക.

































