കോഴിക്കോട്. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ എംപ്റ്റി സ്പേസ്- ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി എം ടി വാസുദേവൻനായരുടെ മകൾ അശ്വതി നായർ. എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയത് പോലെ രചയിതാക്കൾ വളച്ചൊടിച്ചു എന്നും പുസ്തകം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അശ്വതി നായർ പറഞ്ഞു.
ദീദി ദാമോദരനും എച്ചുമുക്കുട്ടിയും ചേർന്ന് എഴുതിയ എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവൻ നായരുടെ മക്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ, എംടിയുടെ ആദ്യ ഭാര്യ പ്രമീള നായരുമായി ബന്ധപ്പെട്ട പുസ്തകം വായിക്കാതെയാണ് മക്കളായ സിത്താരയും അശ്വതി നായരും പ്രതികരിച്ചത് എന്നായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം. പുസ്തകം പ്രസിദ്ധീകരിക്കാൻ കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്നും ദീദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അശ്വതി നായർ വീണ്ടും രംഗത്ത് വന്നത്. പുസ്തകം വായിക്കാതെ പ്രതികരിക്കാൻ വിവരക്കേട് ഉള്ളവരല്ല തങ്ങളെന്ന് അശ്വതി.
എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയത് പോലെ വളച്ചൊടിച്ചു. സിത്താര അഭിമുഖത്തിൽ നിഷേധിച്ച പല കാര്യങ്ങളും ഉൾപ്പെടുത്തി എന്നും പുസ്തകത്തിന്റെ ഡിസൈൻ മുതൽ എംടിയെ കുത്തുന്നുണ്ടെന്നും അശ്വതി.
രചയിതാക്കളുമായി ചർച്ചയ്ക്ക് ഇല്ല. പുസ്തകം പിൻവലിക്കുകയാണ് ആവശ്യം. അവരുടെ പ്രതികരണം അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കുടുംബം പ്രതികരിച്ചു.



























