സോളാര്‍ കേസില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാര്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി തന്നെ ദ്രോഹിച്ചതിന് കണക്കില്ലെന്നും തന്റെ കുടുംബം തകര്‍ത്തതിലും മക്കളില്‍നിന്ന് തന്നെ അകറ്റിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ചാണ്ടി ഉമ്മന്റെ ആരോപണങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്.
തന്റെ കുടുംബം തകര്‍ത്ത് മക്കളേയും തന്നെയും രണ്ട് വഴിക്കാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും വായില്‍ വിരലിട്ടാല്‍ പഴയ കഥകള്‍ പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത്രയുംകാലം ഇല്ലാതിരുന്ന ‘രഹസ്യം’ ഇപ്പോള്‍ പുറത്തുവിടുന്നത് ആരെ പറ്റിക്കാനാണെന്നും ഗണേഷ് ചോദിച്ചു.
വിശ്വാസിയായ ചാണ്ടി ഉമ്മന്‍ ബൈബിള്‍ വായിക്കണം. കള്ളം പറയുന്നവരേയും കള്ളസാക്ഷി പറയുന്നവരേയും ദൈവം ശിക്ഷിക്കും. ചാണ്ടി ഉമ്മന്‍ കൂലിത്തല്ലുകാരെപ്പോലെ ഇറങ്ങിത്തിരിക്കരുതെന്നും രാഷ്ട്രീയം ഉണ്ടെങ്കില്‍ അത് നേരിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അവര്‍ തമ്മില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും ചെയ്ത കാര്യങ്ങളെക്കുറിച്ച് ഗണേഷ്‌കുമാര്‍ സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നും ചാണ്ടി ഉമ്മന്‍ മറുപടി നല്‍കി.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്ന് പത്തനാപുരത്ത് നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവേ ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയലക്ഷ്യംവെച്ച് ഉമ്മന്‍ചാണ്ടിയെ കുടുക്കി എല്‍ഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു ഗണേഷ് കുമാറെന്ന ആരോപണത്തെ ശരിവയ്ക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. സോളാര്‍ കേസിലെ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 28 ആയി കൂടിയതിനു പിന്നില്‍ ഗണേഷ്‌കുമാറാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചിരുന്നു.





























