25.8 C
Kollam
Wednesday 28th January, 2026 | 12:00:48 AM
Home News Breaking News ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, ദ്രോഹിച്ചു, എന്‍റെ കുടുംബം ഇല്ലാതാക്കി, മന്ത്രിസ്ഥാനത്തും പറ്റിച്ചു’; ആഞ്ഞടിച്ച് ഗണേഷ്...

‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, ദ്രോഹിച്ചു, എന്‍റെ കുടുംബം ഇല്ലാതാക്കി, മന്ത്രിസ്ഥാനത്തും പറ്റിച്ചു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ, ചാണ്ടി ഉമ്മനും വിമ‍ർശനം

Advertisement

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചാണ്ടി ഉമ്മനും വിമർശനം

കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നടത്തിയ ആരോപണങ്ങൾക്കും ഗണേഷ് മറുപടി പറഞ്ഞു. സോളാർ കേസിലെ പ്രതിയെക്കൊണ്ട് ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി പറഞ്ഞതിനോട് ബൈബിൾ വചനം ഓർമിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണമെന്നും മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്ന് പരിഹസിച്ച ഗണേഷ് കുമാർ, അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു. സി ബി ഐ തന്നോട് ചോദിച്ചതിന് നൽകിയ മൊഴി പൊതു സമൂഹത്തിൽ ഉണ്ട്. സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സി ബി ഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ എല്ലാം ഞാൻ വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെ കരുണാകരന്‍റെ ഭാര്യയെ പറഞ്ഞ ആൾ ഇപ്പോൾ എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ചൂണ്ടി ഗണേഷ് ചോദിച്ചു. രാഹുലിനെ വിലക്കാൻ പോലും ആ സമയത്ത് കോൺഗ്രസിൽ ആരും ഉണ്ടായില്ല. കരുണാകരന്‍റെ ഭാര്യയെ പറഞ്ഞിട്ടും കെ സി വേണുഗോപാലിന് പോലും വിലക്കാൻ തോന്നിയില്ലെന്നും ഗണേഷ് വിമ‍ർശിച്ചു.

വിശദാംശങ്ങൾ
സോളാര്‍ വിവാദത്തിനും മുമ്പ് വനംമന്ത്രിസ്ഥാനം തനിക്ക് രാജിവയ്ക്കേണ്ടി വന്ന കാര്യങ്ങളടക്കം വിവരിച്ചാണ് ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാ‍ർ ആരോപണം കടുപ്പിച്ചത്. ആദ്യഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്നാണ് ഗണേഷിന് മന്ത്രിസ്ഥാനം 2013 ൽ രാജിവയ്ക്കേണ്ടി വന്നത്. 16 വര്‍ഷമായി നിരന്തരമായി ഗണേഷ് പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. മന്ത്രി മന്ദിരത്തിലെത്തി ഗണേഷിനെ സന്ദര്‍ശകൻ മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തൽ അടക്കം ഉണ്ടായതും കേരളം കണ്ടു. ഗാര്‍ഹിക പീഡന പരാതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചില്ലെന്ന പരാതിയും അന്ന് ഗണേഷിന്‍റെ ആദ്യഭാര്യ ഉന്നയിച്ചിരുന്നു. പക്ഷേ അതേ ഉമ്മൻ ചാണ്ടി ഇടപെട്ട് തന്‍റെ കുടുംബം തകര്‍ത്തതെന്ന ആരോപണമാണ് ഇപ്പോള്‍ ഗണേഷ് ഉന്നയിക്കുന്നത്. മന്ത്രിസഭയിൽ തിരിച്ചെടുക്കാമെന്ന വാക്ക് പാലിച്ചില്ലെന്നും ഗണേഷ് വെളിപ്പെടുത്തി. ഗണേഷ് രാജിവച്ച് മാസങ്ങള്‍ക്കുള്ളിലാണ് യു ഡി എഫിനെ സോളാര്‍ വിവാദം വരിഞ്ഞുമുറുക്കിയത്. ഇതടക്കം പരാമർശിച്ചായിരുന്നു ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം രംഗത്തുവന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here