കോഴിക്കോട്: സാബു എം ജേക്കബ്ബിന്‍റെ ട്വന്‍റി 20 പാര്‍ട്ടി എൻഡിയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.അവർ വ്യാപാര സ്ഥാപനമാണ്. അവർക്ക് എൻ ഡി എ യിൽ ചേരുകയേ മാർഗ്ഗമുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടുപോകരുത്. ശ്രീനാരായണ ഗുരുവിനെ പോലെയുള്ള നിരവധി മഹാരഥന്മാർ നയിച്ച പ്രസ്ഥാനമാണ്. ജാതി മത ചിന്തകൾക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എൻ എസ് എസ് നേതൃത്വവും ഇക്കാര്യം ഓർക്കണം. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എൻ എസ് എസ്. മന്നത്ത് പത്മനാഭൻ ഉത്തമനായ കോൺഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എൻഎസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുത്.
സാമുദായിക നേതാക്കൾ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗർഭാഗ്യകരമാണ്. എംപിമാർ എല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത് പ്രായോഗികമല്ല. എംപിമാർ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ അൻവർ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. സീറ്റ് പങ്കിടൽ ചർച്ച യുഡിഎഫിൽ നടക്കുന്നയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അരാഷ്ട്രീയ വാദം ഉന്നയിച്ച് ജനങ്ങളുടെ വോട്ട് വാങ്ങിയ ആളാണ് സാബു ജേക്കബെന്നും ട്വന്‍റി 20ക്ക് വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചാണ് സാബു എം ജേക്കബ് ബിജെപി പാളയത്തിലേക്ക് പോയതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, വിപി സജീന്ദ്രൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.
തന്‍റെ കമ്പനിയുടെ കോർപ്പറേറ്റ് വത്കരണത്തിനുള്ള മാർഗ്ഗം ബിജെപി ആണ് എന്ന തിരിച്ചറിവ് ആണ് സാബുവിനെ ബിജെപിയിൽ എത്തിച്ചത്. കോർപ്പറേറ്റ് മുതലാളിയായ സാബു ജേക്കബിന്‍റെ ഉചിതമായ ഇടമാണ് ബിജെപിയും എൻഡിഎയും. കച്ചവട താൽപര്യങ്ങൾക്ക് ഉചിതമായ ഇടം. സാബുവിന്‍റെ ആമാശയത്തിന്‍റെയും കമ്പനിയുടെയും പ്രശ്നമാണ്. തന്‍റെ കമ്പനിയെ രക്ഷപ്പെടുത്താൻ ജനങ്ങളുടെ വോട്ട് പണയപ്പെടുത്തിയ സാബു ജേക്കബ് മാപ്പ് പറയണം. പഞ്ചായത്തുകളിലെ ട്വന്‍റി ട്വൻ്റി അംഗങ്ങൾ ബിജെപിയിലേക്ക് പോകില്ല. ട്വന്‍റി 20 യുമായി കൂട്ടുകൂടാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ട്വന്‍റി 20യുമായി ഫൈറ്റ് ചെയ്യാനാണ് കോൺഗ്രസ് തീരുമാനം
ട്വന്‍റി 20യുടെ പരീക്ഷണം ഇവിടെ അവസാനിച്ചുവെന്നും നനഞ്ഞ പടക്കമായി മാറിയെന്നും ഷിയാസ് പറഞ്ഞു. അതേസമയം, ട്വന്‍റി 20 ചേരേണ്ട സ്ഥലത്ത് തന്നെ എത്തിയെന്നും അഴിമതിക്ക് എതിരെന്ന് അവകാശപ്പെട്ടിട്ട് എത്തിയത് ഏറ്റവും വലിയ അഴിമതിക്കാർക്കൊപ്പമാണെന്നും ബിജെപിയുടെ ഏജന്‍റാണ് സാബു ജേക്കബെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു. കോർപ്പറേറ്റുകളെ കൂടെ നിർത്തി വളരാനാണ് ബിജെപിയുടെ ശ്രമം. കേരളത്തിലെ ജനത ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്നും എസ് സതീഷ് പറഞ്ഞു.

































