മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ടെലഗ്രാംവഴി വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാന്‍ (20) ആണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു പ്രതി. പോക്‌സോ, ഐടി ആക്ട് വകുപ്പുകള്‍ ചുമത്തി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.



























