കണ്ണൂർ. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രതിയായ നവീൻ ബാബു ആത്മഹത്യ കേസിൽ തുടരന്വേഷണത്തെ എതിർത്ത് പോലീസ്.
ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും കുറ്റപത്രത്തിൻ്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസ് വാദം കേൾക്കാനായി ഫെബ്രുവരി 19 ലേക്ക് മാറ്റി.
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷ നൽകിയ തുടരന്വേഷണ ഹർജി തള്ളണമെന്നാണ് പോലീസ് റിപ്പോർട്ട്. ഉത്തര മേഖല ഐജിയുടെ ഉത്തരവ് അനുസരിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണം നടത്തുകയും ചെയ്തു എന്നാണ് പോലീസിന്റെ വാദം. കുറ്റ പത്രത്തിന്റെ കരട് തയ്യാറാക്കി പരാതിക്കാരിയെ ബോധ്യപ്പെടുത്തി എന്നും ആ സമയത്ത് എതിർപ്പുകൾ ഉണ്ടായില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. എഡിഎം മരിച്ച ദിവസം കലക്ടറേറ്റ്, മുനീശ്വരൻ കോവിൽ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങൾ, റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം, എഡി എമ്മിന്റെ ഔദ്യോഗിക വസതി എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടിവി പ്രശാന്ത് നവീൻ ബാബുവിന്റെ ഔദ്യോഗിക വസതിക്ക് അടുത്തെത്തിയതിന്റെ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതൊന്നും ശേഖരിക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പരാതി അടിസ്ഥാനരഹിതം എന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. പി പി ദിവ്യയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി, പരിശോധന ഫലം കോടതിയിൽ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. തുടരന്വേഷണ ഹർജി പരിഗണിച്ച കോടതി കേസ് വാദം കേൾക്കാനായി അടുത്തമാസം 19 ലേക്ക് മാറ്റി.



























