സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്‍റെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഗോവിന്ദപുരത്തെ സെയിൽസ്‌മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസിൽവച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകർത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.
അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചത്.

































