നെയ്യാറ്റിന്‍കര: ബിസ്‌കറ്റ് ഉള്ളില്‍ച്ചെന്നതിനു പിന്നാലെ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജില്‍കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ (അപ്പു) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടിലാണ് ഷിജിലും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. കടയില്‍ നിന്നു ഷിജില്‍ വാങ്ങിക്കൊണ്ടു വന്ന ബിസ്‌കറ്റ് കൃഷ്ണപ്രിയയാണ് കുഞ്ഞിനു നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ബിസ്‌കറ്റ് ഉള്ളില്‍ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു. വായില്‍ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും കൃഷ്ണപ്രിയയുടെ മൊഴിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളെ ഇന്നലെ വൈകിട്ടോടെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു.

































