പതിനാലു വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ 55കാരനായ അയൽവാസി അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളിയിലാണ് വിദ്യാര്‍ത്ഥിക്കുനേരെ വേട്ടറമ്മൽ രാജു ജോസ് ആസിഡ് ഒഴിച്ചത്. പ്രതിയെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്‍റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
മുഖത്ത് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ആസിഡ് ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
പെൺകുട്ടി സ്കൂളില്‍ നിന്നും വീട്ടിലെത്തിയതിനു പിന്നാലെ പ്രതിയും വീട്ടിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് ആ യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ലെന്നും അതുകൊണ്ടാണ് മുഖത്ത് ആസിഡ് ഒഴിച്ചതെന്നും പ്രതി മൊഴി നല്‍കി. രാജു ജോസിന് മാനസിക പ്രശ്നമുള്ളതായി കരുതുന്നതായും സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്നു പരിശോധിച്ചു വരുന്നതായും പുൽപ്പള്ളി പൊലീസ് അറിയിച്ചു.


































