പത്തനംതിട്ട.മൂന്നാം ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും റിമാൻഡിൽ. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും അന്വേഷണത്തിന് ഗുണകരമാകുന്ന ഒന്നും കണ്ടെടുക്കാൻ എസ്ഐടിക്ക് സാധിച്ചില്ല. രാഹുലിന്റെ ജാമ്യ അപേക്ഷ നാളെ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.
മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവൻ ഹോട്ടലിൽ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലിൽ വച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുൽ ഒന്നും വിട്ടു പറഞ്ഞില്ല. ഒന്നിലധികം ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ, മൊബൈൽ ഫോണിലെ നിർണായക ഡാറ്റകൾ ലാപ്ടോപ്പിലേക്ക് പകർത്തി സൂക്ഷിച്ചന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. ഈ ലാപ്ടോപ്പ് എവിടെയെന്നും രാഹുൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയില്ല. അടൂരിലെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ലാപ്ടോപ്പ് കണ്ടെടുക്കാനും കഴിഞ്ഞില്ല. ഡിജിറ്റൽ തെളിവുകളുടെ ശേഖരണത്തിന് പാലക്കാട് പ്രതിയുമായി പോകണമെന്ന് SIT കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ചുരുങ്ങിയ കസ്റ്റഡി കാലാവധിയിൽ പാലക്കാട് യാത്രയും മുടങ്ങി. ആദ്യ ദിവസം മുതലുണ്ടായ കടുത്ത പ്രതിഷേധങ്ങളും രാഹുലിനെ പുറത്തിറക്കിയുള്ള തെളിവ്ടുപ്പിന് വെല്ലുവിളിയായി. പത്തനംതിട്ട മജിസ്‌ട്രെറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിനെ വീണ്ടും റിമാൻഡ് ചെയ്തു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കുള്ള വഴിയിൽ രാഹുലുമായി വന്ന പോലീസ് വാഹനത്തിന് നേരെ യുവമോർച്ച പ്രവർത്തകർ ചീമുട്ട എറിഞ്ഞു. രാഹുലിന്റെ ജാമ്യപേക്ഷ നാളെ കോടതി പരിഗണിക്കും








































