തിരുവനന്തപുരം. ജില്ലയില്‍ രണ്ടിടങ്ങളിൽ നിന്നായി 50 കിലോയോളം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് ഡാൻസാഫ് സംഘം നാലരക്കിലോ കഞ്ചാവ് പിടികൂടിയത്. വട്ടിയൂർക്കാവ് സ്വദേശി ബിജു ,തക്കല സ്വദേശി മുജീബ് എന്നിവർ ചേർന്ന് കാറിൽ കടത്താൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഒപ്പമുള്ള മറ്റൊരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തവെയാണ് 40 കിലോ കഞ്ചാവുമായി പരുത്തിക്കുഴിയിൽ വച്ച് രണ്ടാം സംഘത്തെയും കസ്റ്റഡിയിൽ എടുക്കുന്നത്. കാറിൽ സൂക്ഷിച്ചിരുന്ന നിലയിൽ തന്നെയായിരുന്നു കഞ്ചാവ്. പൂജപ്പുര സ്വദേശി പ്രത്യുഷ്,. കരിമഠം കോളനി സ്വദേശി അസറുദ്ദീൻ എന്നിവരായിരുന്നു രണ്ടാം സംഘത്തിൽ ഉണ്ടായിരുന്നത്.
ഒറീസ,തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ചെറുകിട കച്ചവടത്തിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് കഞ്ചാവ്. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.





































