മൂന്നാര്‍. ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ഉടൻ ബിജെപിയിൽ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി. ഇടുക്കി ജില്ലയുടെ വികസന കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം എന്ന് എസ് രാജേന്ദ്രൻ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് വെച്ചാണ് എസ് രാജേന്ദ്രൻ ബിജെപി പ്രവേശന ചർച്ച നടത്തിയത്. നേരത്തെ ഡൽഹിയിലെത്തി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിൽ വ്യക്തി താൽപര്യമില്ലെന്നും പ്രത്യേക നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടില്ലന്നും രാജേന്ദ്രൻ.
ഉടൻ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ മൂന്നാറിൽ നടക്കുന്ന യോഗത്തിൽ രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിക്കും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തേ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് സി പി ഐ എം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സസ്പെൻഷൻ. പിന്നീട് പാർട്ടിയിലേക്ക് തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ വഴങ്ങിയില്ല.





































