തിരുവനന്തപുരം. .ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെ കൂടുതൽ തെളിവ് തേടി SIT. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. തൻറെ ജൂവലറിയിൽ നിന്നും പിടിച്ചെടുത്തത് ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണ്ണമാണെന്നാണ് ഗോവർധൻ വ്യക്തമാക്കിയിരുന്നത്. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും സംഘം കോടതിയെ അറിയിക്കും. പി എസ് പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിൽ നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്.






































