പാലാ. പുളിക്കക്കണ്ടം വീട്ടുപാർട്ടി യു ഡി എഫിനോടു ചാഞ്ഞതോടെ ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭയിൽ മാണി വിഭാഗത്തിന് ഭരണം നഷ്ടമായി. സ്വതന്ത്രർ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണും, യുഡിഎഫ് വിമതയായിരുന്ന മായാ രാഹുൽ വൈസ് ചെയർപേഴ്സണുമാകും. ബിനു പുളിക്കകണ്ടത്തിന്റെ ഉപാധികൾക്ക് കീഴ്പ്പെടേണ്ട എന്ന എൽഡിഎഫ് തീരുമാനത്തിന് പിന്നാലെയാണ് സ്വതന്ത്രർ യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞത്.
മാണിസി കാപ്പൻ ദിയ പുളിക്ക കണ്ടത്തെ ചെയർപേഴ്സൺ ആയി പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വം അവസാനിച്ചു.
സ്വതന്ത്രരുടെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാൻ കഴിയില്ല എന്ന പാലാ നഗരസഭയിലെ പ്രതിസന്ധിക്ക് സിനിമാറ്റിക് ക്ലൈമാക്സ്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം പാലായുടെ അധ്യക്ഷയാകും. ബിനു പുളിക്കക്കണ്ടം മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചതോടുകൂടിയാണ് യുഡിഎഫിന് പിന്തുണയും ഭരണവും ഉറപ്പിച്ചത്. നഗരസഭാ രൂപീകരണശേഷമുള്ള ചരിത്രത്തിൽ ആദ്യമായി മാണി വിഭാഗത്തിന് ഭരണം നഷ്ടം. കഴിവിന്റെ പരമാവധി പാലയ്ക്കുവേണ്ടി വിനിയോഗിക്കുമെന്ന് നിയുക്ത ചെയ്യർപേഴ്സൺ ദിയ.
പുളിക്കക്കണ്ടം വിഭാഗത്തെ ഒപ്പം നിർത്തി ഭരണം പിടിക്കാം എന്ന് എൽഡിഎഫ് നീക്കം നടത്തിയെങ്കിലും, സർവ്വ ഉപാധികളും അംഗീകരിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് യുഡിഎഫ് വിമതയായ മായാ രാഹുലിനെ ഒപ്പം നിർത്തി 14 സീറ്റ് എന്ന മാന്ത്രിക സംഖ്യയിലേക്ക് യുഡിഎഫ് എത്തുകയായിരുന്നു. പാലാ MLA മാണിസി കാപ്പന്റെ നേതൃത്വത്തിൽ ചേർന്ന ചർച്ചയിലാണ് അന്തിമധാരണയിലെത്തിയത്.





































