ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും പുറപ്പെട്ടു. പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്ര. തങ്ക അങ്കി ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ അഞ്ചു മുതൽ ഏഴ് വരെ ആറന്മുള ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയിരുന്നു. നിരവധി ഭക്തരാണ് ഇതിനോടകം ഇവിടെ എത്തിച്ചേർന്നത്.
ഘോഷയാത്ര വെള്ളി വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് ശബരിമല സന്നിധാനത്ത് എത്തും. വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്.
ചൊവ്വാഴ്‌ച്ച ഘോഷയാത്ര ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം ബുധൻ രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിക്കും. വ്യാഴം പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം വെള്ളി രാവിലെ ഏഴിന് പുറപ്പെട്ട് പകൽ ഒന്നോടെ പമ്പയിലെത്തും. മൂന്നിന് പമ്പയിൽനിന്നും പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തുന്ന തങ്ക അങ്കി ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേയ്‌ക്ക് ആനയിക്കും. പൊലീസിന്റെ ശക്തമായ സുരക്ഷയിൽ അഗ്നിരക്ഷാസേനയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഘോഷയാത്രയെ അനുഗമിക്കും.































