ഇടുക്കി. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ബലക്ഷയം നിർണ്ണായിക്കുന്നതിനായി ജലത്തിനടിയിലെ റിമോട്ടിലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർ.ഒ.വി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. അണക്കെട്ടിൻറെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനാണ് ഈ പരിശോധന. 1200 അടി നീളമുള്ള അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. ഏറ്റവും ഒടുവിൽ അണക്കെട്ടിൻ്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർ.ഒ.വി.ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കും. അണക്കെട്ടിൽ 110 അടിക്ക് താഴെ സിമൻറ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്. ദില്ലി സി എസ് എം ആർ എസ് ഇൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്.
Home News Breaking News മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി പ്രത്യേക ഉപകരണം വച്ചുള്ള പരിശോധന ഇന്ന് തുടങ്ങും





































