കൊച്ചി .തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി യുഡിഎഫ്. ഫെബ്രുവരിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാൻ ആണ് യുഡിഎഫ് തീരുമാനം. മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സി കെ ജാനു പി വി അൻവർ എന്നിവരെ അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തി.
ഇനി പ്രവർത്തനം വാർഡുകളിൽ നിന്ന് ബൂത്തുകളിലേക്ക് എന്ന ആമുഖത്തോടെയാണ് നിയമസഭാ പോരാട്ടത്തിന് ഒരുങ്ങുകയാണ് എന്ന വി ഡി സതീശൻ പറഞ്ഞുവച്ചത്. ജനുവരി ആദ്യത്തോടെ തന്നെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച തുടങ്ങി, ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അവതരിപ്പിക്കും. പുതിയ ഒരു കേരളത്തെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വി ഡി സതീശൻ. മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി സി കെ ജാനു പി വി അൻവർ എന്നിവരെ യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പർമാരായി ഉൾപ്പെടുത്താനും ധാരണയായി.
യുഡിഎഫിലേക്ക് ഉള്ള ക്ഷണം അംഗീകാരമായി കാണുന്നുവെന്ന് പിവി അൻവർ, സന്തോഷമെന്ന് സി കെ ജാനു. വരുന്ന തിരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകൾ നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. നിലവിലെ സർക്കാർ വിരുദ്ധ നിലപാട് വരുന്ന തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് യുഡിഫ് വിലയിരുത്തൽ





































