പത്തനംതിട്ട. വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. ഇന്ന് രാവിലെ ആറരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന കടുവ കൂട്ടിലായത്. കഴിഞ്ഞ കുറേ നാളുകളായി ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ അടക്കം കടുവ ആക്രമിച്ചിരുന്നു.
കൂട്ടിൽ അകപ്പെട്ടെങ്കിലും കടുവയുടെ ശൗര്യത്തിന് ഒട്ടും കുറവില്ല. കഴിഞ്ഞ കുറേക്കാലമായി കുമ്പളത്താമണ്ണിലെ ജനങ്ങളുടെ ഉറക്കം കളഞ്ഞ കടുവ ഒടുവിൽ കൂട്ടിലായി. പ്രദേശവാസികളുടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇന്നലെ ആടിനെ കടുവ കൊണ്ടുപോയതിന് പിന്നാലെ വനം വകുപ്പ് ജനവാസ മേഖലയോട് ചേർന്ന് വനത്തിനുള്ളിൽ കൂട് സ്ഥാപിച്ചു. കൂട്ടിൽ ആടിനെ വെച്ചിരുന്നു. ഇതിനെ കഴിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിൽ അകപ്പെട്ടത്.
കടുവയെ പിടികൂടിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇനിയും വന്യമൃഗ ശല്യം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാർ.
കടുവയ്ക്ക് ചെറിയ പരിക്കുകൾ ഉണ്ട്. ഡിഎഫ്ഓയും വെറ്റിനറി സർജനും കടുവയെ പരിശോധിച്ചതിനുശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.




































