കൊല്ലം:കൊച്ചിയിൽ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച മുൻ ഇൻസ്പെക്ടറും നിലവിൽ അരൂർ എസ്.എച്ച്.ഒയുമായ കെ.ജി പ്രതാപചന്ദ്രനെ വാഴ്ത്തി പൊലീസുകാർ പ്രചരിപ്പിച്ച റീൽസ് വിവാദമാകുന്നു.പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും വാട്സാപ്പ് സ്റ്റാറ്റസ് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലുമാണ് റീൽസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഹിറ്റായ മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് ഉൾക്കൊള്ളിച്ചാണ് റീൽസ് ചിത്രീകരിച്ചത്.”നമ്മുടെ ആത്മാഭിമാനത്തിൻ്റെ മുകളിൽ ഒരുവൻ കാലെടുത്ത് കയറ്റി വയ്ക്കുമ്പോൾ,വച്ച കാലുകൊണ്ടവൻ അവിടെ ചിത്രപണി നടത്തുമ്പോൾ,ഞരമ്പിലൂടെ ഓടുന്നത് കലർപ്പില്ലാത്ത രക്തമാണെങ്കിൽ പൂർവ്വിക പരമ്പരയിലെങ്ങും നപുംസകങ്ങൾ ഇല്ലായെങ്കിൽ നമ്മൾ ചിലപ്പോൾ മാടമ്പിമാരും തമ്പുരാന്മാരുമൊക്കെ ആയിപ്പോകും” എന്ന ഡയലോഗിനൊപ്പം മ്യൂസിക്കും പാട്ടും ഉൾപ്പെടെ മേമ്പൊടികളെല്ലാം ചേർത്ത് ആക്ഷനിലാണ് റീൽസ് ചിത്രീകരിച്ചിരിക്കുന്നത്.അതിനിടെ റീൽസ് വിവാദമായതോടെ പലരും പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.നിയമപാലകനെന്ന തിരിച്ചറിവില്ലാതെ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് സ്ത്രീത്വത്തെ അപമാനിച്ച സി.ഐയെ വാഴ്ത്തിയുള്ള പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും അറിയുന്നു.
ഒരു വർഷം മുമ്പ് അകാരണമായി ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് കുട്ടികളുമായി കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെയാണ് സി.ഐ ചെകിട്ടത്ത് അടിച്ചത്.ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഷൈമോൾക്ക് ലഭിച്ചത്.നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രതാപചന്ദ്രനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.






































