ശ്രീനിവാസന്റെ വിയോഗത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമളയുടെ വേഷമിട്ട സംഗീത മാധവന്‍. എക്കാലവും മലയാളികളുടെ മനസില്‍ ഇടം നേടിയ ചിത്രം കൂടിയായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
”ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ 19 വയസാണ് പ്രായം. ബാലതാരമായിരുന്നതുകൊണ്ട് സംവിധായകന്‍ പറയുന്നത് മാത്രമാണ് അഭിനയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ശ്യാമളയെ ജനങ്ങള്‍ ഇന്നും ഓര്‍ക്കുന്നു എന്നതിന്റെ കാരണക്കാരന്‍ ശ്രീനി സാര്‍ ആണ്. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്. എന്റെ സിനിമാ കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്”, നടി സംഗീത പറയുന്നു.
”അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ ഓര്‍മകള്‍ എല്ലാം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ശ്യാമളയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ വില അറിഞ്ഞിരുന്നില്ല. അപ്പോള്‍ ഞാന്‍ ഒരുപാട് പടങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയമാണ്, ആ സിനിമകളില്‍ ഒന്നുമാത്രമായിരുന്നു എനിക്ക് ശ്യാമള. പക്ഷേ അത് റിലീസ് ആയി കഴിഞ്ഞ് എനിക്ക് കിട്ടിയ സ്വീകാര്യതയും അംഗീകാരവും ആണ് സിനിമയെക്കുറിച്ചും അതിന്റെ വിലയെ കുറിച്ചും എന്നെ ബോധവതി ആക്കിയത്. ശ്രീനി സാറിനെ എന്റെ വീട്ടിലെ എല്ലാവര്‍ക്കും എനിക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനകളും ഒക്കെ വളരെ വലുതാണ്”.
”അസുഖം ബാധിച്ച ശേഷം ഞാന്‍ വീട്ടില്‍ പോയി കണ്ട ശ്രീനി സാര്‍ ഞാന്‍ മുമ്പ് കണ്ട ശ്രീനി സാര്‍ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നര്‍മം കലര്‍ത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സര്‍ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സര്‍ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്”, സംഗീത പറഞ്ഞു.
































