ആലപ്പുഴ. മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന് അഹങ്കാരവും ധാർഷ്ട്യവുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറം പാർട്ടിയെന്നും ലീഗിനെ പരിഹസിച്ചു. തന്നെ വർഗീയ വാദിയാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും വെള്ളാപ്പള്ളി നടേശൻ.
മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ ലീഗിനെതിരെ അതിരൂക്ഷ വിമർശനം ആവർത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. അധികാരങ്ങളും അവകാശങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് ലീഗ്. മതസൗഹാർദ്ദം തകർത്ത് മതവിദ്വേഷം വളർത്താനാണ് ലീഗിന്റെ ശ്രമമെന്നും ആരോപണം.
ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കൂടെ നടന്നിട്ടും അർഹമായതൊന്നും തന്നില്ല. ഇതോടെയാണ് എസ്എൻഡിപി അകന്നത്. ഇന്ന് തന്നെ വർഗീയ വാദി ആക്കാനുള്ള ശ്രമം ഈ അകൽച്ചയുടെ ഫലമാണെന്നും വെള്ളാപ്പള്ളി
സമുദായത്തിന് വേണ്ടി സംസാരിച്ചപ്പോഴൊക്കെ ലീഗ് മാത്രമാണ് തന്നെ വർഗീയ വാദി ആക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതോടെ ലീഗ് – വെള്ളാപ്പള്ളി തർക്കം മുറുകുകയാണ്.






































