മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

Advertisement

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ നിര്യാണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത്.
പ്രത്യേക തിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായിട്ടുള്ളവര്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.
വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി തെന്നൂര്‍കോണം അഞ്ജു നിവാസിന്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് (60) വാഹനാപകടത്തിലാണ് മരിച്ചത്. ഭാര്യയോടൊപ്പം വോട്ടഭ്യര്‍ഥിച്ച് മടങ്ങവെ ഞാറവിള കരയടിവിള റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോ മുന്നോട്ട് ഉരുണ്ട് ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

എടക്കര മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡായ പായിംപാടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കുറ്റിക്കാട് വട്ടത്ത് ഹസീന (52) ഡിസംബര്‍ ഏഴിന് രാത്രിയാണ് മരിച്ചത്. ഹസീന 2000 2005ല്‍ എടക്കര മൂത്തേടം പഞ്ചായത്ത് കുറ്റിക്കാട് വാര്‍ഡ് അംഗമായിരുന്നു.

പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി എസ് ബാബു ഡിസംബര്‍ ഒമ്പതിന് പുലര്‍ച്ചെ 2.30 ടെയാണ് മരിച്ചത്. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here