ഇടുക്കി. തൊടുപുഴ മണക്കാട് പഞ്ചായത്തിൽ നിർണായക ശക്തിയായി ട്വൻ്റി ട്വൻ്റി. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ട്വൻ്റി ട്വൻ്റിയുടെ പിന്തുണയോടെ മാത്രമേ ഭരണം നേടാൻ കഴിയു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും മണക്കാട് പഞ്ചായത്തിൽ പിന്തുണ പ്രഖ്യാപിക്കുക എന്നാണ് ട്വൻ്റി ട്വൻ്റിയുടെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ആദ്യമായാണ് ട്വൻ്റി ട്വൻ്റി അംഗത്തിന് ഇറങ്ങിയത്. മണക്കാട് പഞ്ചായത്തിലെ 14ൽ 13 വാർഡുകളിലും മത്സരിച്ചു. ഒന്നാം വാർഡിൽ ജെസ്സി ജോണിയും, പതിനാലാം വാർഡിൽ ഗീതുവും വിജയിച്ചു. യുഡിഎഫ് 5, എൽഡിഎഫ് 5, എൻഡിഎ 2 എന്നിങ്ങനെയാണ് ബാക്കിയുള്ള കക്ഷിനില. കേവല ഭൂരിപക്ഷം ആർക്കും ഇല്ലാത്തതിനാൽ ട്വൻ്റി ട്വൻ്റിയുടെ പിന്തുണ മുന്നണികൾക്ക് നിർണായകമാകും. ഭരണം പിടിക്കാൻ എൽഡിഎഫും, യുഡിഎഫും ട്വൻറി ട്വൻറി പ്രാദേശിക നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എന്നാൽ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ തീരുമാനമാകും പിന്തുണ നൽകുന്നതിൽ നിർണായകം.
ഏതു മുന്നണിക്ക് പിന്തുണ നൽകിയാലും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഉൾപ്പെടെ ടേം വ്യവസ്ഥയിൽ ആവശ്യപ്പെടാനാണ് ട്വൻറി ട്വൻ്റി നീക്കം. അതേസമയം ട്വൻറി ട്വൻ്റിയുടെ പിന്തുണ സ്വീകരിച്ചാൽ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകുമോ എന്ന പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ എൽഡിഎഫും, യുഡിഎഫും അന്തിമ തീരുമാനത്തിലേക്ക് കടക്കൂ എന്നാണ് നേതാക്കൾ പറയുന്നത്.





































