പത്തനംതിട്ട. പത്തനംതിട്ടയിൽ യുഡിഎഫിന് തകർപ്പൻ ജയം. ഇടതുകോട്ടയിലും ബിജെപി ശക്തി കേന്ദ്രങ്ങളിലും ബഹുദൂരം മുന്നിലെത്താൻ ഐക്യ ജനാധിപത്യ മുന്നണിക്കായി. മുൻസിപ്പാലിറ്റികളിൽ മൂന്നിടത്ത് യുഡിഎഫ് ഭരണം പിടിച്ചു. ജില്ലാ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്തുകളിലേക്കും യുഡിഎഫ് നടത്തിയത് അസാമാന്യ തിരിച്ചുവരവ്. ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനെ പിടിച്ചു കെട്ടാൻ എൽഡിഎഫിന് കഴിഞ്ഞില്ല.
താഴെത്തട്ടു മുതൽ ഐക്യത്തോടെ ജില്ലയിൽ പ്രചരണം നടത്തിയതിന്റെ ഫലം യുഡിഎഫിന് തിരിച്ചു കിട്ടി. പത്തനംതിട്ട ജില്ലയുടെ നഗരഗ്രാമ മേഖലകളിൽ യുഡിഎഫ് വമ്പിച്ച മാർജിനിൽ വിജയം രുചിച്ചു. നാല് മുൻസിപ്പാലിറ്റികളിൽ പന്തളം ഒഴികെ മൂന്നിടത്തും യുഡിഎഫ് അധികാരം പിടിച്ചു. തിരുവല്ല മുൻസിപ്പാലിറ്റി ഭരണം നിലനിർത്തിയപ്പോൾ പത്തനംതിട്ടയിലും അടൂരിലും ഇടതുമുന്നണിയെ മറികടന്നു. തിരുവല്ലയിൽ 39 വാർഡുകളിൽ 18 ഇടത്തും യുഡിഎഫ് ജയിച്ചു. 33 വാർഡ് ഉള്ള പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ മാജിക് നമ്പറായ 17ലേക്ക് യുഡിഎഫ് എത്തി. അടൂരിൽ 29 വാർഡുകളിൽ 16ലും ജയിച്ച് ഇടത് കോട്ട യുഡിഎഫ് പൊളിച്ചു. പന്തളം മുൻസിപ്പാലിറ്റിയിൽ ശക്തി കാണിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. 14 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് എൽഡിഎഫ്. യുഡിഎഫ് 11 സീറ്റ് പിടിച്ചപ്പോൾ ഭരണത്തിൽ ഇരുന്ന ബിജെപി 9 സീറ്റുമായി മൂന്നാമതായി. 8 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്തും യുഡിഎഫ് തിരിച്ചുവന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്നിടത്തു നിന്നാണ് ഇക്കുറി യുഡിഎഫിന്റെ തിരിച്ചുവരവ്. ബ്ലോക്കിൽ യുഡിഎഫിനെ കൈവിട്ടത് കോന്നി മാത്രം. ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിൽ 12 ഇടങ്ങളിൽ വിജയിച്ചു യുഡിഎഫ് കരുത്തുകാട്ടി. എൽഡിഎഫ് അഞ്ചിൽ ഒതുങ്ങി. ഗ്രാമപഞ്ചായത്തുകളിൽ 34 ഇടത്താണ് യുഡിഎഫിന്റെ തേരോട്ടം. എൽഡിഎഫ് 11 സ്ഥലങ്ങളിലും ബിജെപി നാല് വാർഡുകളിലും ജയിച്ചു.



































