തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിക്കുകയും, അതി ജീവിതയെപ്പറ്റിയുള്ള വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ, കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നാലാം പ്രതിയാണ്. രഞ്ജിത പുളിക്കൽ, ദീപാ ജോസഫ് എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ എ ആർ ക്യാംപിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാഹുലിൻ്റെ ലാപ്ടോപ്പും ഫോണും പോലീസ് പിടിച്ചെടുത്തു.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്, അതിജീവിതയെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെയും നിയമനടപടി ഉണ്ടായിരിക്കുന്നത്.






































