ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസുകാരനാണ് അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അമീബിക്ക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചാണ് ചികിത്സ. ജില്ലയിൽ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) അറിയിച്ചു.
വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിനാൽ ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. ജലസംഭരണ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിങ് പൂൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം.
































