കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു.
മൃതദേഹം സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഹൈക്കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.
ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസത്തെ തീർത്ഥാടനത്തിനിടെ എട്ട് തീർത്ഥാടകർ ശബരിമലയിൽ വെച്ച് മരിച്ചിരുന്നു.
































