മലപ്പുറം.യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
വിധി വന്നത് കൊല നടന്ന് മുപ്പതു വർഷങ്ങൾക്ക് ശേഷം.
വിധിയിൽ സന്തോഷമെന്നും വെറുതെ വിട്ടവർക്ക് ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെയും പോകുമെന്നും കുടുംബം.
മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പിഴതുകയായ ഒരു ലക്ഷം കേസിലെ രണ്ടാം സാക്ഷിയും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയുമായ ഫാത്തിമക്ക് നൽകണം. പിഴതുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. ഭാര്യക്കും രണ്ട് മക്കൾക്കും താൻ മാത്രമാണ് ഉള്ളതെന്നും താനും ഭാര്യയും നിത്യം മരുന്ന് കഴിക്കുന്ന രോഗികൾ ആണെന്നും ഷഫീഖ് കോടതിയെ അറിയിച്ചു. അതിനു ശേഷമാണു ശിക്ഷ വിധിച്ചത്. മാലങ്ങാടൻ ഷഫീഖ് മനാഫിനെ കൊല്ലുന്നത് കണ്ടിരുന്നുവെന്ന് സഹോദരി ഫാത്തിമ. വൈകിയാണെങ്കിലും ശിക്ഷ കിട്ടിയതിൽ സന്തോഷം ഉണ്ട്. വെറുതെ വിട്ടവർക്ക് എതിരെ മേൽക്കോടതിയെ സമീപിക്കും
1995 ഏപ്രിൽ 13നാണ് പള്ളിപ്പറമ്പൻ മനാഫ് ഒതായി അങ്ങാടിയിൽ വെച്ച് കൊല്ലപ്പെട്ടത്. മുൻ എം.എൽ.എ, പിവി അൻവർ ഉൾപ്പെടെ 26 പേർ പ്രതികളായ കേസിൽ ഒരാൾ മാപ്പ് സാക്ഷി ആവുകയും 24 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ഒന്നാം പ്രതി ഉൾപ്പെടെ 4 പേരെ തിരികെ എത്തിക്കാൻ കോടതിക്ക് പുറത്തും വലിയ പോരാട്ടമാണ് മനാഫിന്റെ കുടുംബം നടത്തിയത്.






































