എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട്,ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക

Advertisement

തിരുവനന്തപുരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ട് യുഡിഎഫിന്റെ പ്രകടനപത്രിക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രികയില്‍, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നൽകുമെന്നും പ്രഖ്യാപിച്ചു. ആശാവർക്കർമാർക്ക് പ്രത്യേക അലവൻസും വാഗ്ദാനം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക. ആശവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവൻസ് , തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് അടക്കം ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്നും വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കുമെന്നും പത്രികയില്‍ പറയുന്നു.
സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വാഗ്ദാനങ്ങള്‍.തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍, വന്യജീവികളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആശ്രയ 2 നവീകരിച്ച് നടപ്പിലാക്കും തുടങ്ങിയവയാണ് ശ്രദ്ധേയ പ്രഖ്യാപനങ്ങൾ.നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളത് മാത്രമാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആറ് കോർപ്പറേഷനുകളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. പ്രതിപക്ഷ നേതാവിനെ കൂടാതെ കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രകടനപത്രിക പ്രകാശനം ചെയ്തത്

Advertisement