സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതിൽ പ്രതിഷേധം

Advertisement

പാലക്കാട്ട്. സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതിൽ പ്രതിഷേധം. മോയൻസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിന്ന് ബിജെപി നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ ഇറങ്ങി പോയി. മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധം. നേരത്തെ ശാസ്ത്രമേള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുക്കരുതെന്ന് കാണിച്ചു മന്ത്രി ശിവൻകുട്ടി രാഹുലിന് കത്തു നൽകിയിരുന്നു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടന പരിപാടിയിൽ നിന്നാണ് ബിജെപി കൗൺസിലർ ഇറങ്ങിപ്പോയത്. ഉദ്ഘാടന സഭയുടെ വേദിയിലേക്ക് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കയറിച്ചെന്നതോടെ ബിജെപി കൗൺസിലറും നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ മിനി കൃഷ്ണകുമാർ ഇറങ്ങി പോവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ ഉയർന്ന ഗുരുതര ലൈംഗിക പീഡനം ആരോപണങ്ങൾക്ക് പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടരുത് എന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നതിനാൽ അത് പാലിക്കുകയാണ് താൻ ചെയ്തത് എന്നും മിനി കൃഷ്ണകുമാർ പറഞ്ഞു.

എന്നാൽ ഇതേ ശാസ്ത്രോത്സവം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്നും രാഹുലിനെ ഒഴിവാക്കുകയും രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി എം ബി രാജേഷും സിപിഐഎം എംഎൽഎമാരും രാഹുലുമായി വേദി പങ്കിട്ടു. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി എം ബി രാജേഷ് തയ്യാറായില്ല. നേരത്തെ ഡിവൈഎഫ്ഐയും സിപിഎമ്മും ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലുമായി സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു.

Advertisement