കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ

Advertisement

ഇടുക്കി.തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ. പീരുമേട് ദേവികുളം താലൂക്കുകളിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ ആയിരിക്കും സ്ഥാനാർത്ഥികളെ ഇറക്കുക. പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവും നേതാക്കൾ നടത്തിയിട്ടുണ്ട്.


തമിഴ്നാട് അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ മത്സരത്തിനിറങ്ങുന്നത്. നിലവിൽ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും, ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ മൂന്നാറിലും, ഉപ്പുതറയിലും ഓഫീസ് തുറന്നു.

തമിഴ്നാട് സർക്കാരിൻറെ ആനുകൂല്യങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും കേരള ഘടകം നേതാക്കൾ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റു മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. 201 5 -ൽ പീരുമേട് പഞ്ചായത്തിൽ എഐഎഡിഎംകെ അംഗമായ എസ് പ്രവീണ വിജയിച്ച ചരിത്രമുണ്ട്.

Advertisement