ഇടുക്കി. മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ടാക്സിഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് പൊലീസ്. യുവതിയെ തടഞ്ഞുവച്ചതിന് അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.
ഓൺലൈൻടാക്സി സേവനം ഉപയോഗിച്ചതിനായിരുന്നു മുംബൈ സ്വദേശി ജാൻവിക്ക് നേരെ മൂന്നാറിൽ ഡ്രൈവർമാരുടെ കയ്യാങ്കളി. മൂന്നാർ സ്വദേശികളായ പി വിജയകുമാർ, കെ വിനായകൻ, എ അനീഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രണ്ട് ടാക്സി കാറുകളിലും ഒരു ഇരുചക്ര വാഹനത്തിലും ആണ് ഇവർ പ്രശ്നമുണ്ടാക്കാൻ എത്തിയത്. ലൈസൻസിനൊപ്പം ഈ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. കയ്യാങ്കളിക്ക് നിന്നില്ലെന്നും, ഓൺലൈൻ ടാക്സി മൂന്നാറിൽ സർവ്വീസ് നടത്തുന്നതിൻ്റെ നിയന്ത്രണങ്ങൾ പറഞ്ഞുമനസ്സിലാക്കുക ആണ് ചെയ്തതെന്നും ഡ്രൈവർമാർ വിശദീകരിക്കുന്നു. ഓൺലൈൻ ടാക്സി ഡ്രൈവറുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പരാതിയില്ലെന്ന നിലപാടിലാണ് യുവതിയും കുടുംബാംഗങ്ങളും. സംഭവം വിവാദമായതോടെ, ഇൻറ്റഗ്രാമിലെ വീഡിയോ യുവതി നീക്കം ചെയ്തിരുന്നു.






































